റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് നാലുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം തത്ലീസ് ജനറല്‍ ആശുപത്രിയില്‍ മലപ്പുറം പെരുവള്ളൂര്‍ കുമണ്ണ പൂവത്തമാട് സ്വദേശി കവുങ്ങുംതോട്ടത്തില്‍ സെയ്തലവി (50) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

നാല് മാസം മുമ്ബ് ബീഷ – ഖമീസ് മുശൈത്ത് റോഡില്‍ യാത്ര ചെയ്തിരുന്ന സെയ്തലവിയുടെ സ്‌കൂട്ടറില്‍ സുഡാന്‍ പൗരന്‍ ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത് . ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ് ഗുരുതരമായി പരുക്കേറ്റ സെയ്തലവിയെ ഉടനെ തന്നെ ബീഷ കിംഗ് അബ്ദുല്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. നീണ്ടകാലത്തെ ചികിത്സക്ക് ശേഷം ഇദ്ദേഹത്തിന് ബോധം വീണ്ടുകിട്ടിയിരുന്നു.

നാട്ടില്‍ എത്തിച്ച്‌ കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഇഖാമയുടെ കാലാവധി തീര്‍ന്നിരുന്നു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുന്നിടയിലാണ് മരണം ഉണ്ടായിരിക്കുന്നത്. 28 വര്‍ഷം പ്രവാസിയായ സെയ്തലവി ബീഷയിലെ ഒരു റസ്റ്റോറന്‍റിലാണ് ജോലി ചെയ്തിരുന്നത്. അനന്തര നടപടികള്‍ക്കായി വാദി ദവാസിര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ശറഫുദ്ദീന്‍ കന്നേറ്റി, ബിശ കെ.എം.സി.സി പ്രസിഡന്‍റ് ഹംസ ഉമ്മര്‍ താനാണ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദ് കോഡൂര്‍ നഖ വാട്ടര്‍ കമ്ബനി എന്നവര്‍ രംഗത്തുണ്ട്.