ന്യൂയോര്‍ക്ക് : ബഹുരാഷ്ട്ര കമ്ബനിയായ മൈക്രോസോഫ്റ്റ് അതിന്റെ എംഎസ്‌എന്‍ വെബ്‌സൈറ്റില്‍ കരാര്‍ മാധ്യമപ്രവര്‍ത്തകരെ മാറ്റി പകരം വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നതിന് യാന്ത്രിക സംവിധാനം ഉപയോഗിക്കാനൊരുങ്ങുന്നു.

എംഎസ്‌എന്‍ വെബ്‌സൈറ്റില്‍ വാര്‍ത്താ ഏജന്‍സികളില്‍ നിന്നുള്ള സ്‌റ്റോറികള്‍ എടുക്കുന്നതും തലക്കെട്ടുകളും ചിത്രങ്ങളും തിരഞ്ഞെടുക്കുന്നതും നിലവില്‍ മാധ്യമപ്രവര്‍ത്തകരാണ്.

എന്നാല്‍ ഇനി മുതല്‍ കൃത്രിമബുദ്ധി ഈ വാര്‍ത്താ നിര്‍മാണ ചുമതലകള്‍ നിര്‍വഹിക്കുമെന്നാണ് പറയുന്നത്. ബിസിനസ് വിലയിരുത്തലുകളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.

‘എല്ലാ കമ്ബനികളേയും പോലെ ഞങ്ങളുടെ ഞങ്ങളുടെ ബിസിനസിനെ പതിവായി മൂല്യനിര്‍ണ്ണയം നടത്തും. ഇത് ചില സ്ഥലങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുള്ളവയില്‍ പുനര്‍വിന്യാസനം സംബന്ധിച്ച കാര്യങ്ങള്‍ നടത്തുന്നതിനും ഇടയാക്കും. നിലവിലെ മഹാമാരിയുടെ ഫലമായിട്ടാണ്‌ ഈ തീരുമാനങ്ങള്‍’ മൈക്രോസോഫ്റ്റ് അറിയിച്ചു.

വാര്‍ത്താ ചുമതലകള്‍ റോബോട്ടുകള്‍ക്ക് നല്‍കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തോടെ അമ്ബതോളം കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. അതേ സമയം സ്ഥിരം മാധ്യമപ്രവര്‍ത്തകര്‍ തുടരുമെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.