സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ് , സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുടെ പണമിടപാടില്‍ വരെ ഇടപെട്ടുവെന്ന് എന്‍ഫോഴ്സ്മെന്‍റിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ മൂന്നാമത് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിക്കുന്നത്.

എന്‍ഫോഴ്സ്മെന്‍റ് രണ്ട് തവണയും എന്‍ഐഎ 3 തവണയും ശിവശങ്കറിനെ ചോദ്യം ചെയ്തതാണ്.ഫോണ്‍സംഭാഷണങ്ങളും ചാറ്റുകളുമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോ എന്നതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്‍റെ കൂട്ടുടമയായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹമായ വാട്സ് ആപ് ചാറ്റിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ആരായും.