കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് ഇപ്പോള്‍ എല്ലാ ആരോഗ്യമന്ത്രിമാരുടെയും പ്രധാന ചുമതല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച മന്ത്രിമാരുടെ നിലനില്‍പിനെ തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നത്. 2021-ല്‍ ഇതുവരെ എട്ട് ആരോഗ്യമന്ത്രിമാര്‍ക്കാണ് ഇത്തരം സാഹചര്യത്തില്‍ രാജിവയ്‌ക്കേണ്ടി വന്നത്.
വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇക്വഡോര്‍ ആരോഗ്യമന്ത്രി റൊഡോള്‍ഫോ ഫര്‍ഫാന്‍ രാജിവച്ചത്. സ്ഥാനമേറ്റ് വെറും മൂന്നാഴ്ചയ്ക്കുശേഷമായിരുന്നു രാജി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയന്‍ ആരോഗ്യമന്ത്രി റുഡോള്‍ഫ് ആന്‍ഷോബര്‍ ഏപ്രില്‍ 13-ന് രാജി വച്ചു. ഇറാഖ് ആരോഗ്യമന്ത്രി ഹസന്‍ അല്‍ തമിമി മേയ് മാസത്തില്‍ രാജി വച്ചത് കൊവിഡ് ആശുപത്രിയില്‍ തീപിടിത്തത്തില്‍ 80 പേര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു.
വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടായിരുന്നു അര്‍ജന്റീനയിലെ ആരോഗ്യമന്ത്രിയായിരുന്ന ജൈന്‍സ് ഗോണ്‍സാലസിന്റെ രാജിക്ക് കാരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആറു പേര്‍ മരിച്ചത് ജോര്‍ദാനിലെ ആരോഗ്യമന്ത്രിയായിരുന്ന നസീര്‍ ഒബീദതിന്റെ സ്ഥാനം തെറിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മുമ്ബ് മുന്‍ പ്രസിഡന്റിന് വാക്‌സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാല്‍ പെറുവിലെ ആരോഗ്യമന്ത്രി ഡോ. പിലാല്‍ മസെത്തിന്റെ പണിയും പോയി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച സ്ലോവാക്യന്‍ ആരോഗ്യമന്ത്രി മാരേക് ക്രാജിയുടെ രാജിയിലേക്ക് നയിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരമ്മയും നവജാതശിശുവും മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലമാണെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും മംഗോളിയന്‍ പ്രധാനമന്ത്രി ഖുറേല്‍സുഖ് ഉഖ്‌നായുടെയും മുഴുവന്‍ കാബിനറ്റ് അംഗങ്ങളുടെയും രാജിക്ക് കാരണമായി.
2020-ലും ന്യൂസീലന്‍ഡ്, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജി വച്ചിരുന്നു.



