ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു. വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് അജ്ഞാതരോഗം സ്ഥിരീകരിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമാകുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തല്‍.

‘അസ്ട്രസെനേക’ കമ്പനിയുമായി ചേര്‍ന്നുള്ള വാക്‌സിന്‍ പരീക്ഷണമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണഘട്ടത്തില്‍ ഇത്തരം അസുഖങ്ങള്‍ സാധാരണമാണെന്നും അതേ കുറിച്ച്‌ പഠനം നടത്തുകയാണെന്നും വക്താവ് അറിയിച്ചു.

രോഗി എവിടെയാണെന്നോ, എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെത്രയെന്നോ എന്ന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 30,000 ല്‍ അധികം വോളണ്ടിയര്‍മാരാണ് കമ്പനിക്ക് വിവിധയിടങ്ങളിലായി വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്.

കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുത്ത ഒന്‍പത് കമ്പനികളില്‍ ഒന്നാണ് ആസ്ട്രസെനേക. ക്ലിനിക്കല്‍ ട്രയലിനിടെ പരീക്ഷണം നിര്‍ത്തിവയ്ക്കുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം പാതി വഴിയില്‍ നിര്‍ത്തിവച്ചയ്ക്കുന്നത്.