വാഷിങ്ടൻ ∙ വാക്സിനേഷൻ ലഭിച്ച അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർഥികൾക്കും മാസ്ക് ധരിക്കാതെ സ്കൂളിൽ ഹാജരാകാമെന്ന് സിഡിസി. 12 സ്കൂളുകള്‍ക്കാണ് ഇത് ബാധകമെന്ന് സെന്റേഴ്സ് ഫോർ ഡിസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വാക്സിനേറ്റ് ചെയ്യാത്ത രണ്ടിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ വിദ്യാലയങ്ങളില്‍ നിർബന്ധമായി മാസ്ക് ധരിക്കേണ്ടതാണെന്നും സിഡിസി നിർദേശിക്കുന്നു. അതോടൊപ്പം അധ്യാപകരും, വിദ്യാർഥികളും ചുരുങ്ങിയത് മൂന്നടി അകലം പാലിക്കണമെന്നും ഇതു വൈറസ് വ്യാപനം പരമാവധി തടയുമെന്നും സിഡിസി വക്താവ് പറഞ്ഞു. ആദ്യമായാണ് സിഡിസി ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ടു കൂടുതൽ അപകടകാരികളായ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം സൗത്ത്, സൗത്ത് വെസ്റ്റ് മിഡ്‍വെസ്റ്റ് സംസ്ഥാനങ്ങളിൽ ഭീഷണിയുയർത്തുന്ന സാഹചര്യത്തിന്റെ ഗൗരവം പഠിച്ചു പുതിയ മാർഗനിർദേശങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവരുമെന്നും സിഡിസി അറിയിച്ചു. വാക്സിനേഷൻ സ്വീകരിക്കാൻ അധ്യാപകരും കുട്ടികളും ഉടൻ തയാറാകണമെന്നും ഇവർ അറിയിച്ചു.

പി പി ചെറിയാൻ