രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്നും പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തുന്നുവെന്ന പ്രഖ്യാപനത്തോടെ തുടക്കമായത് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകളാണ്. കന്നിമത്സരത്തിനായി പ്രിയങ്കാ ഗാന്ധി വയനാട് തിരഞ്ഞെടുത്തു എന്നത് ദേശിയതലത്തിൽ തന്നെ ഏറെ ശ്രദ്ധനേടുന്നതാണ്. കോൺഗ്രസ് പാർട്ടിയുടെ ദേശിയനേതാക്കളെ തുടർച്ചയായി പാർലമെൻ്റിലെത്തിച്ചിരുന്ന റായ്ബറേലി, അമേഠി, മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ഇനി മുതൽ വയനാട് എന്നപേരും ഇതോടെ ചേർക്കപ്പെടുകയാണ്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ സർപ്രെെസ് പ്രഖ്യാപനമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. കേരളത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസ് പാർട്ടിയ്ക്ക് 20 മണ്ഡലങ്ങളിലും സഹായിച്ചു. എന്നാൽ ഉത്തരേന്ത്യയിൽ സുരക്ഷിതമായൊരു മണ്ഡലം കണ്ടെത്താൻ കഴിയാതെ രാഹുൽ ഗാന്ധി ഒളിച്ചോടി എന്ന് വിമർശങ്ങൾക്കും ഈ നീക്കം കാരണമായി. 2019 തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ കോൺഗ്രസ് തകർന്നപ്പോൾ കേരളത്തിലെ 20 സീറ്റുകളിൽ 19ലും നേടിയ വിജയം പാർട്ടിയ്ക്ക് നൽകിയത് വെറുമൊരു ആശ്വാസമല്ല.



