വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുളള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കും.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എം.പി, എം.എൽ.എമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.



