തിരുവനന്തപുരം: വിവാദങ്ങളുടെ ചൂളം വിളിയോടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് കുതിച്ചെത്തി നിർത്തിയിട്ടിരിക്കുന്നത്. സെമി സ്പീഡ് പ്രിമീയം ട്രെയിൻ എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധയാണ് ഈ മാസം 25ന് ഓട്ടം തുടങ്ങുന്ന ഈ തീവണ്ടിക്ക് ലഭിച്ചത്. എന്നാൽ, ജനശതാബ്ദിയും രാജധാനിയുമടക്കം നിലവിലുള്ള തീവണ്ടികളിൽ പോകുന്നതിനേക്കാൾ എടുത്തുപറയത്തക്ക സമയ ലാഭമൊന്നും ഈ ട്രെയിനിനില്ല. ടിക്കറ്റ് നിരക്കാണെങ്കിൽ ജനശതാബ്ദിയേക്കാൾ 1000 രൂപയോളം അധികം നൽകുകയും വേണം.

കോയമ്പത്തൂർ -ചെ​ന്നൈ വന്ദേ ഭാരത് ട്രെയിനിലെ അനുഭവം മുൻനിർത്തി മാധ്യമപ്രവർത്തകൻ കെ.എ ഷാജി എഴുതിയ കുറിപ്പ് ഇൗ വിഷയത്തിൽ ശ്രദ്ധേയമാണ്. കോയമ്പത്തൂർ -ചെന്നൈ റൂട്ടിൽ ഇൻറർസിറ്റി എക്സ്പ്രസ്സിന് 190 രൂപയാണ് നിരക്ക്. എന്നാൽ, വന്ദേ ഭാരതിന് ഈ റൂട്ടിൽ കുറഞ്ഞത് 1215 രൂപ നൽകണം. പരമാവധി രണ്ട് മണിക്കൂറാണ് വന്ദേഭാരതിൽ ലാഭിക്കാൻ കഴിയുക. ഇതിന് 1025 രൂപ അധികം നൽകണം!. ആർ.സി.സിയിൽ ഡോക്ടറെ കണ്ട്, 90 രൂപയുടെ ടിക്കറ്റെടുത്ത് അൺ റിസർവ്ഡ് കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇടിച്ചു കയറുന്ന ക്യാൻസർ രോഗികളടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടി ഉപയോക്താക്കളെന്നും താഴ്ന്ന വരുമാനമുള്ളവർക്ക് പ്രാപ്യമായ യാത്രാസംവിധാനമല്ല വന്ദേഭാരതെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു.