ഓക്ക്‌ലൻഡ്: എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് യു.എസിനെ 3–2 ന് തോൽപ്പിച്ച് പൂൾ എ-യിൽ ഇന്ത്യ വിജയത്തുടക്കം കുറിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആഷ്‌ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്‌ലിൻ സിമ്മർ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്റെ ലീഡ് നേടിയിരുന്നു.
രണ്ടാം ക്വാർട്ടറിൽ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്ലിക്കർ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു.
28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗർ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇന്ത്യക്ക് 3-2 ന്റെ വിജയലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളുടെയും പ്രതിരോധം ശക്തമായതോടെ കൂടുതൽ ഗോളുകളൊന്നും പിറന്നില്ല. ഈ വിജയത്തോടെ 3 പോയിന്റുമായി പൂൾ എ-യിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഗോൾ വ്യത്യാസത്തിൽ ജപ്പാനാണ് നിലവിൽ ഒന്നാമത്. ടൂർണമെന്റിലെ ജേതാക്കൾക്ക് എഫ്.ഐ.എച്ച് പ്രോ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കും.



