ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ മലയാളി സാനിധ്യവും. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരം വിവരിക്കുക കേരളത്തിന്റെ ശ്രീയായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ എസ്. ശ്രീശാന്ത് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ഗാംഗുലിക്കൊപ്പമാണ് കളിവിവരിക്കുക.
ഇരുവരും ഒരേസമയം കമന്റി ബോക്സിലൂണ്ടാകുമെന്നുള്ള റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നിരിക്കുന്നത്. ഓവലില്‍ ജൂണ്‍ 7ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഹിന്ദി കമന്റേറ്റര്‍മാരുടെ നിരയിലാണ് ഗാംഗുലിക്കൊപ്പം ശ്രീശാന്തും ഇടംനേടിയത്. സ്റ്റാര്‍ സ്പോര്‍ട്സാകും മത്സരം തത്സമയം സംപ്രേഷണം ചെയ്യുക.
ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ ശേഷം 2019 മുതല്‍ ഗാംഗുലി കമന്ററി ബോക്സില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിലാണ് ഗാംഗുലിയെ അവസാനമായി കമന്റേറ്ററുടെ റോളില്‍ കണ്ടത്. ശ്രീശാന്തിന് പുറമെ ഹര്ഭജന് സിങ്ങും ദീപ് ദാസ് ഗുപ്തയും ദാദക്കൊപ്പം ഹിന്ദി കമന്ററി ബോക്സിലുണ്ടാകും.



