ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 6,589 പേര്‍. പുതിയതായി 1.41 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 82.50 ലക്ഷമായി. ആകെ 4.45 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം കൂടി വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. 42.99 ലക്ഷം പേര്‍ രോഗമുക്തി നേടുകയും നിലവില്‍ 35.06 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ചികിത്സയിലുളളവരില്‍ 54,538 പേരുടെ നില അതീവഗുരുതരമാണ്.

ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഇന്ത്യ, ബ്രസീല്‍, അമേരിക്ക എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 1,338 പേരാണ് ഇന്നലെ മാത്രം മരിച്ചത്. പുതിയതായി 37,242 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. 9.28 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ ഇതുവരെ 45,456 പേരാണ് മരിച്ചത്. 4.64 ലക്ഷം പേര്‍ രോഗമുക്തി നേടി. 4.18 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അമേരിക്കയില്‍ ഇന്നലെ 846 പേര്‍ മരിക്കുകയും പുതിയതായി 34,849 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 22.07 ലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ അമേരിക്കയില്‍ 1.19 ലക്ഷം ആളുകള്‍ ഇതുവരെ മരിച്ചു. മൊത്തം കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ അമേരിക്കയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം കുറവാണ്. 8.99 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 11.89 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കൊവിഡ് രോഗികളുളളത് റഷ്യ 5.45 ലക്ഷം, ഇന്ത്യ 3.54 ലക്ഷം, യുകെ 2.98 ലക്ഷം, സ്‌പെയിന്‍ 2.91 ലക്ഷം, ഇറ്റലി 2.37 ലക്ഷം, പെറു 2.37 ലക്ഷം, ഇറാന്‍ 1.92 ലക്ഷം, ജര്‍മ്മനി 1.88 ലക്ഷം എന്നി രാജ്യങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മെക്‌സിക്കോയില്‍ 439 പേരും യുകെയില്‍ 233 പേരും പെറുവില്‍ 196 പേരും റഷ്യയില്‍ 193 പേരും ഇറാനില്‍ 115 പേരും ഫ്രാന്‍സില്‍ 111 പേരുമാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെയും കൊവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിനില്‍ പുതിയതായി 219 പേര്‍ക്കും ചൈനയില്‍ 40 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്