ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റി. ഹൈക്കോടതി ഭരണവിഭാഗത്തിന്റേതാണ് ഉത്തരവ്.

കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറാക്കി. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ നിയമിച്ചു.

എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ്‌കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായും നിയമിച്ചു.

സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമർശമാണ് വിവാദമായിരുന്നത്.