ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതോടെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ രാജിവച്ചു. ലിസ് ട്രസ് അധികാരത്തിലേറുകയും പുതിയ ഹോം സെക്രട്ടറിയെ നിയമിക്കുകയും ചെയ്യുമ്പോള്‍ പിന്നില്‍നിന്ന് രാജ്യത്തെ സേവിക്കാനാണ് തന്റെ തീരുമാനമെന്ന് പ്രീതി പട്ടേല്‍ പടിയിറങ്ങുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എഴുതിയ രാജിക്കത്തില്‍ പറഞ്ഞു.
പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച പ്രീതി സര്‍ക്കാരിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
നിങ്ങളുടെ നേതൃത്വത്തിന് കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചത് ആദരവായി കരുതുന്നുവെന്നും പ്രീതി ബോറിസ് ജോണ്‍സണെ അറിയിച്ചു. വളരെ മികച്ച പ്രധാനമന്ത്രിയായിരുന്നു താങ്കള്‍. ബ്രെക്സിറ്റ് ആസൂത്രണം ചെയ്ത് നടപ്പാക്കി. രാജ്യം കൂടുതല്‍ സുരക്ഷിതമായി. നിയമങ്ങള്‍ ശക്തിപ്പെടുത്തി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്നും പ്രീതി കത്തില്‍ പറഞ്ഞു.



