കവരത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. ദ്വീപിലെ നിയമങ്ങള്‍ക്ക് വിരുദ്ധവും മതിയായ സര്‍വേയോ അന്വേഷണമോ നടത്താതെയുമാണ് ഒഴിപ്പിക്കല്‍ എന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ആഷിക് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വി ജി അരുണ്‍ പരിഗണിച്ചത്. കേസ് കുടുതല്‍ വാദത്തിനായി മാറ്റി.
ദ്വീപില്‍ കടലോരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപക കൈയേറ്റം നടന്നതായി കലക്ടര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍നിന്നാണ് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചത്. സ്വകാര്യ ഭൂമിയില്‍നിന്നാണെന്ന വാദം തെറ്റാണ്. താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിച്ചത് സ്ഥിരനിര്‍മാണം ലക്ഷ്യമിട്ടാണ്. ഷെഡുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന കാര്യത്തില്‍ ദ്വീപു ഭരണകൂടം ബോധവാന്‍മാണ്. മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കായി 5700 ചതുരശ്ര മീറ്ററില്‍ പ്രത്യേക സ്ഥലം വികസിപ്പിക്കുന്നുണ്ട്. ദ്വീപ് വികസനത്തിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമാണിത്.
പ്രത്യേക സ്ഥലം പ്രയോജനപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബാധ്യതയുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും ഇത് പ്രയോജനപ്പെടുത്താതെയാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജി തള്ളണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.



