റിയാദ്: ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് ഐ.ബി.എം പരിശീലനം നല്‍കും. യു.എസ് പ്രസഡിന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഐ.ടി ഭീമന്‍ ഇന്റര്‍നാഷനല്‍ ബിസിനസ് മെഷീന്‍ (ഐ.ബി.എം) സൗദി വിവരസാങ്കേതിക വിദ്യ അതോറിറ്റി കരാര്‍ ഒപ്പിട്ടത്.

എട്ട് സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഡെപ്യൂട്ടി മന്ത്രി ഇസ്സാം അല്‍തുക്കൈര്‍, ഐ.ബി.എം സൗദി ജനറല്‍ മാനേജര്‍ ഫഹദ് അല്‍അനസി എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്.

നാലാം വ്യാവസായിക വിപ്ലവത്തിലേക്കുള്ള സൗദി അറേബ്യയുടെ നിക്ഷേപ കേന്ദ്രീകൃത ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതാണ് കരാറെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പരിശീലനത്തിന് കീഴില്‍ വരുന്ന മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും സൈബര്‍ സുരക്ഷയും ഗവേഷണവും സോഫ്റ്റ്വെയര്‍ ഡവലപ്പിങ്ങും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉള്‍പ്പെടുന്നു.