ബെംഗളൂരു: ദക്ഷിണേന്ത്യൻ യാത്രാ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ജർമൻ ടെക് – ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. ദക്ഷിണേന്ത്യയിൽ ആദ്യമായി ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ ഫ്ലാഗ് ഓഫ് ഫ്ലിക്സ്ബസിൻ്റെ ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ ബസ് സർവീസ് ആരംഭിക്കും.
ഉത്തരേന്ത്യൻ സർവീസുകൾ വിജയകരമായതോടെയാണ് ഫ്ലിക്സ്ബസ് ദക്ഷിണേന്ത്യയിലേക്കും ഇൻ്റർസിറ്റി സർവീസ് വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. പിന്നീട്, ക്രമാതീതമായി കോയമ്പത്തൂർ മധുരെ, തിരുപ്പതി, വിജയവാഡ, ബെലഗാവി തുടങ്ങിയ 33 നഗരങ്ങളിലേക്കും സർവീസ് നീളും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി നിശ്ചിത കാലയളവിൽ പ്രത്യേക ടിക്കറ്റ് നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂവിൽ നിന്നുള്ള സർവീസുകൾക്ക് 99 രൂപയാണ് ഓഫർ നിരക്ക്. സെപ്റ്റംബർ മൂന്നുമുതൽ 15 വരെ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. ഒക്ടോബർ 10 വരെയുള്ള ബുക്കിങ്ങുകൾ ഈ ഓഫറിൽ നടത്താം. ആറ് ബസ് ഓപ്പറേറ്റർമാരുമായുള്ള പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലുള്ള സർവീസുകൾക്ക് ഫ്ലിക്സ്ബസ് തുടക്കം കുറിക്കുന്നത്. പിന്നീട്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കും സർവീസ് നടത്തും. ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സർവീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം.
ജർമനിയിലെ ബവാറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക് – ട്രാവൽ കമ്പനിയാണ് ഫ്ലിക്സ്ബസ്. യൂറോപ്പ്യൻ രാജ്യങ്ങളിലുടനീളം ദീർഘദൂര ബസ് സർവീസുകൾ കമ്പനി നടത്തിവരുന്നുണ്ട്. 30ലധികം രാജ്യങ്ങളിലെ 2500ലധികം നഗരങ്ങളിലേക്ക് സർവീസ് നീളുന്നുണ്ട്. ഏതാണ്ട് 4,00,000 റൂട്ടുകളിൽ ഫ്ലിക്സ്ബസിന് സർവീസ് ഉണ്ടെന്നാണ് റിപ്പോർട്ട്. തുച്ഛമായ നിരക്ക്, വൈഫൈ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ, സീറ്റ് ബെൽറ്റ്, എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയവ ഫ്ല്ക്സ്ബസിനെ വ്യത്യസ്തമാക്കുന്നു.