ഹൈദരാബാദ്: ശ്രീലങ്കയുടെ അടിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച പാകിസ്താന് ലോകകപ്പിൽ ആറു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. മുഹമ്മദ് റിസ്‍വാന്‍റെയും അബ്ദുല്ല ഷെഫീഖിന്‍റെയും സെഞ്ച്വറി കരുത്തിലാണ് ലങ്ക കുറിച്ച 345 റൺസ് എന്ന വമ്പൻ വിജയ ലക്ഷ്യം പാകിസ്താൻ 10 പന്തുകൾ ബാക്കി നിൽക്കെ മറികടന്നത്. 

സ്കോർ: ശ്രിലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 344. പാകിസ്താൻ 48.2 ഓവറിൽ നാലു വിക്കറ്റിന് 345. ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 121 പന്തിൽ 131 റൺസുമായി റിസ്‍വാൻ പുറത്താകാതെ നിന്നു. താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. മൂന്നു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അബ്ദുല്ല ഷെഫീഖ് 103 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 113 റൺസെടുത്ത് പുറത്തായി. ലങ്കക്കായി കുശാൽ മെൻഡിസും സദീര സമരവിക്രമയും നേടിയ സെഞ്ച്വറികൾ പാഴായി.

മൂന്നാം വിക്കറ്റിൽ ഷഫീഖും റിസ്‍വാനും നേടിയ 176 റൺസിന്‍റെ കൂട്ടുകെട്ടാണ് പാകിസ്താൻ വിജയത്തിൽ നിർണായകമായത്. പിന്നാലെ സൗദ് ഷഖീലിനെ കൂട്ടുപിടിച്ച് റിസ്‍വാൻ ടീം സ്കോർ 300 കടത്തി. ഇമാമുൽ ഹഖ് (12 പന്തിൽ 12), നായകൻ ബാബർ അസം (15 പന്തിൽ 10), ഷഖീൽ (30 പന്തിൽ 31) എന്നിവരാണ് പുറത്തായ താരങ്ങൾ. ഇഫ്തിഖാർ അഹ്മദ് 10 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു.