കണ്ണൂര്‍: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. 60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുള്ളവര്‍, വൃക്കരോഗികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുളള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കണം.

ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് മറ്റുള്ളവര്‍ ഉറപ്പുവരുത്തണമെന്നും ഡിഎംഒ അറിയിച്ചു. കല്യാണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ആളുകള്‍ ഒരുമിച്ചു കൂടുന്ന മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നും ഇവര്‍ മാറി നില്‍ക്കേണ്ടതാണ്. ആശുപത്രി സന്ദര്‍ശനം പോലെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതിന് വാര്‍ഡുതല ജാഗ്രാതാസമിതികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.