ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്വര്‍ക്ക് സേവനം ദീപാവലി മുതല്‍. ഇന്നു നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്മാന് മുകേഷ് അംബാനിയാണു പ്രഖ്യാപനം നടത്തിയത്.
ഒക്ടോബറില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 5ജി ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ കൃത്യമായ തീയതി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2023 ഡിസംബറോടെ 5ജി രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.
5ജി ഉള്‍പ്പെടെ നിരവധി വമ്പന്‍ വെളിപ്പെടുത്തലുകളാണ് 45-ാമതു വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി നടത്തിയിരിക്കുന്നത്.
വീടുകളിലും ഓഫീസുകളിലും അള്‍ട്രാ-ഹൈ ഫൈബര്‍ പോലുള്ള വേഗത വാഗ്ദാനം ചെയ്യുന്ന എയര്‍ ഫൈബര്‍ സേവനമൊണു മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഫൈബര്‍ കേബിളുകള്‍ ആവശ്യമില്ലാത്ത വയര്‍ലെസ് പ്ലഗ്-ആന്‍ഡ്-പ്ലേ 5ജി ഹോട്ട്സ്പോട്ടാണു ജിയോ ഫൈബര്‍.
ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്നും റിലയന്‍സ് പ്രഖ്യാപിച്ചു. പുതിയ ജിയോക്ലൗഡ് പിസിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഉപയോഗിക്കുന്നതിനു മാത്രം പണം നല്‍കുകയെന്ന മോഡലുള്ള ചെറിയ, മാക് മിനി പോലെയുള്ള ഉപകരണമാണിത്.



