മോസ്‌കോ: യുക്രെയ്ന്‍ ആക്രമിച്ചതിനു ശിക്ഷയായി ഉപരോധം കൊണ്ടു വശം കെടുത്തുന്ന യുഎസിന്, ‘ബഹിരാകാശത്ത്’ തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് റഷ്യ. രാജ്യാന്തര ബഹിരാകാശനിലയവുമായി (ഐഎസ്എസ്) ബന്ധപ്പെട്ട് യുഎസുമായുള്ള സഹകരണം 2024ല്‍ അവസാനിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസുമായുള്ള സഹകരണം അവസാനിപ്പിച്ച് സ്വന്തമായി ഒരു രാജ്യാന്തര ബഹിരാകാശ നിലയം പണിയാനാണ് പദ്ധതിയില്‍ യുഎസിനൊപ്പമുള്ള പ്രധാന പങ്കാളിയായ റഷ്യയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ പൂര്‍ത്തിയാകുന്നതിനാണ് 2024 വരെ സഹകരണം നീട്ടിയത്. ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനും റഷ്യന്‍ സ്‌പേസ് കോര്‍പറേഷനായ റോസ്‌കോസ്‌മോസിന്റെ ഡയറക്ടര്‍ ജനറല്‍ യൂറി ബോറിസോവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

യുഎസുമായുള്ള സഹകരണം അവസാനിപ്പിക്കുന്ന 2024ല്‍ത്തന്നെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ക്കും തുടക്കമിടാനാണ് തീരുമാനം. റഷ്യ, യുഎസ്, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നിവയ്ക്കൊപ്പം യൂറോപ്യന്‍ സ്പേസ് ഏജന്‍സി അംഗങ്ങളായ ആറു രാജ്യങ്ങളും ചേര്‍ന്നു നിര്‍മിച്ച ബഹിരാകാശനിലയം 1998ല്‍ ആണു വിക്ഷേപിച്ചത്. ബഹിരാകാശ സാഹചര്യങ്ങള്‍ പഠിക്കുകയാണു ദൗത്യം.

നേരത്തെ, യുഎസുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെ ബഹിരാകാശ നിലയത്തിന്റെ കാര്യം ഓര്‍മിപ്പിച്ച് റഷ്യ രംഗത്തെത്തിയിരുന്നു. നിയന്ത്രണം റഷ്യ കൈവിട്ടാല്‍ 550 ടണ്‍ ഭാരമുള്ള ഐഎസ്എസ് ജനകോടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലോ ചൈനയിലോ പതിക്കുന്ന സാഹചര്യമുണ്ടാകാം. ആ ദുരന്തം യുഎസിലോ യൂറോപ്പിലോ പോലുമാകാം. അതു വേണോയെന്നാണ് റഷ്യ അന്നു ചോദിച്ചത്.

നിലയത്തിന്റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്ന് റോസ്‌കോസ്‌മോസിന്റെ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ദിമിത്രി റൊഗോസിന്‍ ട്വീറ്റ് ചെയ്തിരുന്നു. ബഹിരാകാശ പദ്ധതികളിലുള്‍പ്പെടെ സഹകരണം അവസാനിപ്പിച്ചാല്‍ ഐഎസ്എസിനെ ആരു രക്ഷിക്കും? റഷ്യയുടെ മുകളില്‍കൂടി നിലയത്തിനു സഞ്ചാരപാതയില്ലാത്തതിനാല്‍ അപകടസാധ്യത മുഴുവന്‍ മറ്റുള്ളവര്‍ക്കാണെന്നും അന്നു റൊഗോസിന്‍ കുറിച്ചു.