ന്യൂഡല്‍ഹി: ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാജ്യസഭ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ടി.എം.സിയുടെ ഡെറിക് ഒബ്രിയാന്‍, എസ്.പിയിലെ രാം ഗോപാല്‍ യാദവ്, കോണ്‍ഗ്രസിന്‍റെ രാംഗോപാല്‍ ശര്‍മ, ജയറാം രമേശ്, ആര്‍.ജെ.ഡിയുടെ മനോജ് കുമാര്‍ ഝാ എന്നീ പ്രതിപക്ഷ അംഗങ്ങളാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്.

അതേസമയം ബി‌.എ.സി യോഗത്തെക്കുറിച്ച്‌ ഒരു മണിക്കൂര്‍ മുമ്ബാണ് തങ്ങളെ അറിയിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സഭ മാറ്റിവച്ചേക്കാമെന്ന സൂചനകള്‍ക്കിടയിലായിരുന്നു യോഗം.

എന്നാല്‍ ഹ്രസ്വ അറിയിപ്പിലാണ് യോഗം തീരുമാനിച്ചതെന്നും പാനലിലെ അംഗങ്ങളെ എത്രയും വേഗം അറിയിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായും രാജ്യസഭ അധികൃതര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, തവര്‍ ചന്ദ് ഗെഹ് ലോട്ട്, ബി.ജെ.പി എം.പിമാരായ ഭൂപേന്ദ്ര യാദവ്, ഭുവനേശ്വര്‍ കലിത, ശിവ പ്രതാപ് ശുക്ല, ജെ.ഡി.യു എം.പി ആര്‍.സി.പി സിങ്, ബിജു ജനതാദള്‍ എം.പി പ്രസന്ന ആചാര്യ എന്നിവര്‍ പങ്കെടുത്തു.

കാര്‍ഷിക ബില്‍പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച എട്ട്​ എം.പിമാരെ രാജ്യസഭയില്‍ സസ്​പെന്‍ഡ്​​ ചെയ്​ത നടപടി, പ്രതിപക്ഷ പാര്‍ട്ടികളുടെ സഭാ ബഹിഷ്​കരണത്തിലേക്കാണ്​ എത്തിയത്​.