ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,000 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം 43 ലക്ഷമായി. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 94,612 പേര്‍ കോവിഡ് രോഗമുക്തരായി. ആകെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 43,03,043 ആയി. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്.
43 ലക്ഷം പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 79.68 ശതമാനമായി. രോഗമുക്തി നിരക്കില്‍ 60 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍ 23,000ത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായി. ആന്ധ്രയിലും കര്‍ണാടകയിലും മാത്രം ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷമായി. പുതിയ കോവിഡ് രോഗികളില്‍ 52 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും എണ്ണായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 86,752 ആയി. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 37 ശതമാനവും മഹാരാഷ്ട്രയിലാണ്, 425 മരണം. കര്‍ണാടകയില്‍ 114 മരണവും, ഉത്തര്‍പ്രദേശില്‍ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.