ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ച നാലാമത് രാജ്യമാണ് ഇന്ത്യ. യു.എസ്, ബ്രസീല്‍, മെക്സിക്കോ എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങള്‍.
അതേസമയം ഇന്ത്യയുടെ മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ കുറഞ്ഞ നിലയില്‍ തുടരുകയാണ്. 1.9 ശതമാനമാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക്. ആഗോളതലത്തില്‍ 3.5 ശതമാനമാണ് മരണനിരക്ക്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യു.എസിനും ബ്രസീലിനും പിന്നിലായി മൂന്നാംസ്ഥാനത്താണ് ഇന്ത്യ.
യു.എസില്‍ 54 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 1,71,999 പേരാണ് മരിച്ചത്. ബ്രസീലില്‍ 3.2 ലക്ഷം പേര്‍ക്ക് ബാധിച്ചപ്പോള്‍ 1,06,608 പേരും മരിച്ചു.
മെക്സിക്കോയില്‍ മരണനിരക്ക് ഉയര്‍ന്നനിലയിലാണ്. 5,11,000 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 55,908 പേരാണ് മരിച്ചത്. 11 ശതമാനമാണ് ഇവിടെ മരണനിരക്ക്.



