തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനമനസുകളിൽ നിന്ന് കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏതെങ്കിലും പാർട്ടിക്ക് ഭാവിയുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസിൽവെച്ചുകൊണ്ടുവേണം ബി.ജെ.പി. പ്രവർത്തകർ പ്രവർത്തിക്കുവാൻ. കേരളത്തിലെ ബി.ജെ.പി. പ്രവർത്തകരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബി.ജെ.പി. പ്രവർത്തകർക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തിൽ പ്രവർത്തിക്കാൻ രാഷ്ട്രഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സർക്കാർ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ശേഷം ആദ്യമായി രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം ലഭിച്ചപ്പോൾ, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വനിത ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ വികസനം സംഭവിക്കില്ലെന്നാണ് നരേന്ദ്രമോദി വിശ്വസിക്കുന്നത്.