രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക്. ആന്ധ്രയില്‍ പോസിറ്റീവ് കേസുകള്‍ മൂന്നര ലക്ഷം കടന്നു. പശ്ചിമ ബംഗാള്‍ പരിസ്ഥിതി മന്ത്രി സൗമെന്‍ മഹാപത്രയ്ക്ക് രോഗം സ്ഥിരീകരിച്ചു. അസമില്‍ രണ്ട് പൊലീസ് സൂപ്രണ്ടുമാര്‍ അടക്കം മൂന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപ്പെട്ടു. ഡല്‍ഹി മെട്രോ ഘട്ടംഘട്ടമായി തുറന്നുകൊടുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ 10,441 പേര്‍ക്കു കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും 258 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ആന്ധ്രയില്‍ 7895 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകള്‍ 353,111 ആയി ഉയര്‍ന്നു. 93 പേര്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങള്‍ 3282 ആയി. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 5938 കേസുകളില്‍, 2126ഉം ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 2,77,814ഉം, മരണം 4,683ഉം ആയി. തമിഴ്‌നാട്ടില്‍ 5,975 പുതിയ കേസുകള്‍.

97 മരണം. ആകെ രോഗബാധിതര്‍ 3,79,385. ആകെ മരണം 6,517. ഉത്തര്‍പ്രദേശില്‍ 5325ഉം, പശ്ചിമ ബംഗാളില്‍ 3274ഉം, ബിഹാറില്‍ 2247ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 161,466 ആയി. രോഗമുക്തി നിരക്ക് 90.04 ശതമാനമായി.