രാജസ്ഥാനിലെ പാമ്പ് മനുഷ്യന്‍ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. 20 വര്‍ഷക്കാലമായി രാജസ്ഥാനില്‍ പൊതുജനങ്ങളുടെ ആവശ്യാനുസരണം പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടിരുന്ന വിനോദ് തിവാരിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ പാമ്പ് മനുഷ്യന്‍ എന്ന് വിളിച്ചിരുന്നത്.

നഗരമധ്യേയുള്ള ഒരു കടയില്‍ നിന്നും മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് ഇയാളുടെ കൈയില്‍ കടിയേല്‍ക്കുന്നത്. ചുരുവിലെ ഗോഗമേഡി പ്രദേശത്താണ് സംഭവം നടന്നത്. തിവാരിക്ക് 45 വയസായിരുന്നു.

കൊടുംവിഷമുള്ള മൂര്‍ഖന്റെ കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിവാരി മരണത്തിന് കീഴടങ്ങി. വലിയ ജനക്കൂട്ടമാണ് തിവാരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയത്