കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബാളില്‍ കരുത്തരായ മിസോറാമിനെയും തകർത്ത് നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ ജയം. 

ഗ്രൂപ് രണ്ടിലെ അഞ്ചു മത്സരങ്ങളും ജയിച്ച് ഗ്രൂപ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. കേരളം 24 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, വഴങ്ങിയത് വെറും രണ്ട് ഗോള്‍ മാത്രം. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.