രാജ്യത്തെ നടുക്കിയ ടി.സി.എസ് നാസിക് മതപരിവർത്തന കേസിൽ പ്രതികൾക്കെതിരെ ഗുരുതരമായ പുതിയ ആരോപണങ്ങളുമായി പരാതിക്കാരി രംഗത്ത്. പ്രതിയായ ഡാനിഷ് താൻ വിവാഹിതനാണെന്ന വിവരവും രണ്ട് കുട്ടികളുണ്ടെന്ന കാര്യവും മറച്ചുവെച്ചാണ് താനുമായി ബന്ധം തുടർന്നതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.
തന്നോടൊപ്പം തുടരാൻ അവൻ നിർബന്ധിച്ചതായും, സ്വന്തം സമുദായത്തിൽ നിന്ന് അനുയോജ്യനായ ഒരാളെ കണ്ടെത്താനായില്ലെങ്കിൽ ഒരു ഇമാമിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞതായും യുവതി ആരോപിക്കുന്നു. ഇമാമിന്റെ ഭാര്യ പിന്നീട് തനിക്ക് ഇസ്ലാമിക ആചാരങ്ങളും പാരമ്പര്യങ്ങളും മതപരമായ കാര്യങ്ങളും പഠിപ്പിച്ച് തരുമെന്ന് ഡാനിഷ് പറഞ്ഞതായും യുവതി പറയുന്നു. ഡാനിഷിന് നേരത്തെ തന്നെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം താൻ കണ്ടെത്തിയപ്പോൾ, ഇസ്ലാമിൽ ബഹുഭാര്യത്വം അനുവദനീയമാണെന്നാണ് അവൻ തന്നോട് പറഞ്ഞതെന്നും യുവതി ആരോപിച്ചു.
‘പിടികൂടിയപ്പോൾ കാര്യം സമ്മതിച്ചു’
കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൊഴി പ്രകാരം, 2026 ഫെബ്രുവരിയിൽ ഒരു അജ്ഞാത വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെ തുടർന്നാണ് ഡാനിഷിന്റെ വിവാഹത്തെ കുറിച്ച് യുവതി അറിയുന്നത്. ഇക്കാര്യം അവനോട് ചോദിച്ചപ്പോൾ ആ നമ്പർ തന്റെ ഭാര്യയുടേതാണെന്ന് സമ്മതിക്കുകയും തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. താനുമായി പ്രണയത്തിലായിരുന്നിട്ടും ഈ വിവരം അയാൾ മറച്ചുവച്ചതിനാൽ താൻ ഞെട്ടിപ്പോയെന്ന് പരാതിക്കാരി പറയുന്നു.
വിവരങ്ങൾ മറച്ചുവച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, സത്യം അറിഞ്ഞാൽ താൻ വിട്ടുപോകുമെന്ന് ഭയന്നതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഡാനിഷ് പറഞ്ഞതായി യുവതി ആരോപിക്കുന്നു. തന്റെ ഭാര്യയോട് സംസാരിക്കാൻ അവൻ ആവശ്യപ്പെട്ടതായും, ഇസ്ലാമിക ആചാരങ്ങളെയും രീതികളെയും കുറിച്ച് സംസാരിക്കാൻ ഭാര്യയ്ക്ക് തന്നെ നേരിട്ട് കാണാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതായും യുവതി അവകാശപ്പെട്ടു.
ഇമാമിനെ വിവാഹം കഴിക്കാൻ ഉപദേശം
ഇസ്ലാമിൽ ഒന്നിലധികം വിവാഹങ്ങൾ അനുവദനീയമാണെന്നും സമുദായത്തിൽപ്പെട്ട ഒരാളെ തന്നെ വിവാഹം കഴിക്കാമെന്നും അവൻ പറഞ്ഞതായി യുവതി ആരോപിക്കുന്നു. മറ്റാരെയും കണ്ടെത്തിയില്ലെങ്കിൽ തങ്ങളുടെ മഹല്ലിലെ ഇമാമിനെ വിവാഹം കഴിക്കാൻ അവൻ ഉപദേശിച്ചതായും യുവതി കൂട്ടിച്ചേർത്തു. ഇമാമിന്റെ ഭാര്യ ഒരു മദ്രസയിൽ വെച്ച് തനിക്ക് അറബിയും ഇസ്ലാമിക പാരമ്പര്യങ്ങളും മതപരമായ രീതികളും പഠിപ്പിച്ചു തരുമെന്നും ഡാനിഷ് അവകാശപ്പെട്ടതായും മൊഴിയിൽ പറയുന്നുണ്ട്. മതപരിവർത്തനത്തിന് ശേഷം യുവതിയുടെ പേരും വിവരങ്ങളും മാറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
മലേഷ്യയിലേക്ക് മാറ്റാൻ ശ്രമം
‘ഹാനിയ’ എന്ന പേരിൽ രേഖകൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഡാനിഷും മറ്റൊരു പ്രതിയായ തൗസിഫും ചർച്ച ചെയ്തതായും മതപരിവർത്തന വിവരം വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ തന്നോട് ഉപദേശിച്ചതായും യുവതി പറയുന്നു. പുതിയ തിരിച്ചറിയൽ രേഖകൾ ശരിയാക്കിയ ശേഷം ഒറിജിനൽ രേഖകൾ കൈമാറാനും മറ്റൊരു സ്ഥലത്തേക്ക് മാറാനും തന്നോട് ആവശ്യപ്പെട്ടതായും അവർ ആരോപിക്കുന്നു. തന്നെ വീട്ടുകാരിൽ നിന്ന് അകറ്റി ഇസ്ലാം മതപ്രകാരം ജീവിക്കാൻ മുംബൈയിലേക്കോ മലേഷ്യയിലേക്കോ മാറ്റുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു.



