ഇന്ത്യൻ വ്യോമസേന വളരെക്കാലമായി അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തേടുകയായിരുന്നു. ഇതിനായുള്ള ഇന്ത്യയുടെ തദ്ദേശീയ AMCA പദ്ധതി നിലവിൽ വൈകുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയ്ക്ക് സുഖോയ്-57 (Su-57) സ്റ്റെൽത്ത് യുദ്ധവിമാനം സംയുക്തമായി വികസിപ്പിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമുള്ള ഒരു വലിയ ഓഫർ നൽകിയിരിക്കുന്നത്. ഈ ഓഫർ ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേക്കാം.

അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഇന്ത്യയ്ക്ക് സുഖോയ്-57 വിമാനങ്ങൾ നൽകാനും അവ കൂടുതൽ വികസിപ്പിക്കാനും നിർണായക സാങ്കേതികവിദ്യകൾ പങ്കിടാനും റഷ്യ പൂർണ്ണ സജ്ജമാണെന്ന് പുടിൻ പ്രസ്താവിച്ചത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിന് പരിധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇന്ത്യൻ വ്യോമസേനയുടെ പക്കൽ നിലവിൽ അഞ്ചാം തലമുറയിലുള്ള സ്റ്റെൽത്ത് വിമാനങ്ങൾ ഒന്നുമില്ലാത്തതിനാൽ ഈ വാഗ്ദാനം വളരെ നിർണായകമാണ്. ചൈനയുടെ ജെ-35എഇ സ്റ്റെൽത്ത് യുദ്ധവിമാനം പാകിസ്ഥാൻ സ്വന്തമാക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ആ ആശങ്കയ്ക്ക് പരിഹാരം കാണാൻ പുടിന്റെ ഈ ഓഫറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.