കൊറോണ വൈറസിന്റെ രണ്ടാം വരവിലും ചൈന കള്ളം പറയുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം. ഷിന്‍ഫാദി ഭക്ഷ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ വെറും ഏഴു ദിവസത്തിനിടെ 180 പേര്‍ക്ക് കൊറോണ കണ്ടെത്തിയതായാണ് ചൈനയുടെ വാദം. എന്നാല്‍, ഇവിടെ വൈറസ് വ്യാപനം ഒരു മാസം മുന്‍പ് തന്നെ തുടങ്ങിയിരിക്കാമെന്ന് ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയിരുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് പുറത്ത് വിടുന്ന കണക്കുകളില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഹവായ്‌യില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യാങ് ജിയേച്ചിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. വുഹാനിലേതു പോലെ വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍ ഷിന്‍ഫാദിയിലും ചൈന മറച്ചു വയ്ക്കരുതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു.

ചൈന വിവരങ്ങള്‍ മറച്ചുവച്ചുവോ എന്നതിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നതെന്ന് അന്താരാഷ്ട്ര സമൂഹം ആരോപിക്കുന്നു. ഒരിക്കല്‍ ലോകത്തിന് മുന്നില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ ചൈന തന്നെ വിചാരിക്കണം. അതിന് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സാഹചര്യം ചൈന ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ എങ്ങനെ ഉത്ഭവിച്ചെന്നും മനുഷ്യരിലെത്തിയെന്നും എപ്പോള്‍ വ്യാപനം ആരംഭിച്ചെന്നും എത്ര പേര്‍ ചൈനയില്‍ മരിച്ചെന്നുമടക്കം നിരവധി ചോദ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ആദ്യ ഘട്ടത്തിലും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ഇപ്പോഴും ചൈനയ്ക്ക് കൃത്യമായ മറുപടി ഇല്ല എന്നതാണ് ശ്രദ്ധേയം.