യൂറോപ്പാ ലീഗ് ഫൈനലില്‍ വില്ലാ റയലിനെതിരെ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ പോരായ്മകള്‍ വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ രംഗത്ത് ,നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞതിനു ശേഷം ഷൂട്ടൗട്ടിലാണ് യുണൈറ്റഡിനെ വിയ്യാറയല്‍ തോല്‍പിച്ചത്. രണ്ടു ടീമുകളും പത്തു കിക്കുകള്‍ വലയിലെത്തിച്ചതിനു ശേഷം ഡി ഗിയയുടെ ഷോട്ട് തടുത്തിട്ട അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ റുള്ളി വിയ്യാറയലിനു കിരീടം സമ്മാനിക്കുകയായിരുന്നു.

“ഡ്രസിങ് റൂം മുഴുവന്‍ നിരാശയിലാണ്. ഫുട്ബോള്‍ ഇതൊക്കെയാണ് നമ്മളോട് ചെയ്യുക. ഒരൊറ്റ കിക്കില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. വിജയത്തിനും തോല്‍വിക്കും ഇടയിലുള്ള വ്യത്യാസം അതു മാത്രമായിരിക്കും. ഇതില്‍ നിന്നും ഞങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഈ വികാരം രുചിച്ചു നോക്കി ഇനിയൊരിക്കലും ഇതു സംഭവിക്കില്ലെന്ന് ഉറപ്പു വരുത്തണം.”

“ഞങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ഞങ്ങള്‍ക്ക് കഴിയുമെന്നുറപ്പുള്ളതു കളിക്കുകയും ചെയ്‌തില്ല. ഞങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവരാണ് ഗോള്‍ നേടിയത്. അവര്‍ ലക്ഷ്യത്തിലേക്ക് പായിച്ച ഒരൊറ്റ ഷോട്ടായിരുന്നു അത്. സെറ്റ് പീസില്‍ നിന്നും ഗോള്‍ വഴങ്ങിയതില്‍ ഞങ്ങള്‍ വളരെ നിരാശരാണ്.”

“ഞങ്ങള്‍ എന്ത് വ്യത്യസ്‌തമായി ചെയ്‌തു എന്നതിനു നേര്‍ക്ക് വിരല്‍ ചൂണ്ടുകയല്ല ഇനി വേണ്ടത്. എന്നാല്‍ കിരീടം നേടാതെ തിരിച്ചു പോകുന്ന ഞങ്ങള്‍ ചെയ്‌തതെല്ലാം ശരിയായിരുന്നില്ല എന്നു തന്നെയാണ്.” മത്സരത്തിനു ശേഷം ബിടി സ്പോര്‍ട്ടിനോട് സംസാരിക്കുമ്ബോള്‍ സോള്‍ഷെയര്‍ പറഞ്ഞു.

വിയ്യാറയലിനെതിരെയും തോല്‍വി വഴങ്ങിയതോടെ ഈ സീസണും ഒരു കിരീടം പോലും നേടാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ നാലാമത്തെ സീസണാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നത്. 2016-17 സീസണില്‍ അയാക്‌സിനെ തോല്‍പ്പിച്ചു നേടിയ യൂറോപ്പ ലീഗാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനമായി നേടിയ കിരീടം.