കണ്ണൂര്‍: യൂട്യൂബ് വ്ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്ലോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫിസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്.
ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലര്‍ വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു.ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.