പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു.

താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണ്ണാര്‍ക്കാട്ടേക്ക് മാറ്റും. മഹേഷിനും, സജീറിനുമെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു.