ധാക്ക: റഷ്യയും യുക്രൈനും തമ്മിൽ സംഘർഷമുണ്ടായ സന്ദർഭത്തിൽ കിഴക്കൻ യൂറോപ്പിൽ കുടുങ്ങിപ്പോയ ബംഗ്ലാദേശി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ത്വരിതഗതിയിലുള്ള കോവിഡ് വ്യാപന സമയത്ത് വാക്സിൻ മൈത്രി പരിപാടിയിലൂടെ അയൽരാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധവാക്സിൻ എത്തിക്കാൻ കാണിച്ച സൗമനസ്യത്തിനും ശൈഖ് ഹസീന മോദിയെ പ്രശംസിച്ചു. വാർത്താഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശൈഖ് ഹസീനയുടെ പ്രസ്താവന.
ഇരുസന്ദർഭങ്ങളിലും ഏറെ സൗഹാർദപരമായ പെരുമാറ്റമാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എടുത്തുപറഞ്ഞ ശൈഖ് ഹസീന ഇരുരാജ്യങ്ങളും തമ്മിൽ പലവിധത്തിലുള്ള അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ചർച്ചകളിലൂടെ അവ പരിഹരിക്കുമെന്നും ഇന്ത്യയുമായുള്ള സഹവർത്തിത്വം കൂടുതൽ ശാക്തീകരിക്കുമെന്നും വ്യക്തമാക്കി. ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ നൽകിവരുന്ന പിന്തുണ ഏറെ സഹായകമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സാർക് (SAARC) രാജ്യങ്ങൾക്കിടയിലെ കുറഞ്ഞ സഹവർത്തിത്വത്തെ കുറിച്ചും ഇന്ത്യയുടെ വാക്സിൻ മൈത്രി പരിപാടിയെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശൈഖ് ഹസീന.
ബംഗ്ലാദേശിന്റെ വിശ്വസ്തസുഹൃത്താണ് ഇന്ത്യയെന്നും 1971-ലും തുടർന്നുള്ള കാലത്തും പല അവശ്യസന്ദർഭങ്ങളിലും അക്കാര്യം വ്യക്തമായതാണെന്നും ശൈഖ് ഹസീന പറഞ്ഞു. അയൽരാജ്യങ്ങളെന്നതിലുപരി പരസ്പരമുള്ള സൗഹൃദത്തിന് ഇരുരാജ്യങ്ങളും പ്രാധാന്യം നൽകുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിൽക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.



