റഷ്യയെയും ചൈനയെയും ശക്തമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആണ് ഇരു രാജ്യങ്ങളുടെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ചത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഏഴുമാസങ്ങൾക്കുശേഷം റഷ്യയ്ക്കുമേൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രസ്താവനയാണ് ഇത്.
റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ രാജ്യാന്തര സമൂഹത്തിന് ‘പരമമായ’ ആശങ്കയുണ്ടെന്ന്’ ജയ്ശങ്കർ വ്യക്തമാക്കി. ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും തിരിച്ചുവരണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ കാലഘട്ടം യുദ്ധത്തിന്റേത് ആകാൻ പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശമെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. ‘‘യുദ്ധ സാഹചര്യത്തിലാണെങ്കിലും മനുഷ്യാവകാശങ്ങളോ രാജ്യാന്തര നിയമങ്ങളോ ലംഘിക്കുന്നത് ന്യായീകരിക്കാനാകില്ല. അങ്ങനെയുണ്ടായാൽ അവ സ്വതന്ത്യമായും വസ്തുനിഷ്ഠമായും അന്വേഷിക്കപ്പെടണം. ബുച്ചയിലെ കൊലപാതകങ്ങളിലും ഇന്നും ഇതേ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ആണവ വിഷയവും ആശങ്കയ്ക്ക് ഇടയാക്കുന്നു’’ – ജയ്ശങ്കർ കൂട്ടിച്ചേർത്തു.



