വാഷിം​ഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെയും വീഡിയോ വൈറലായതു മുതല്‍ ‘ഉറക്കംതൂങ്ങുന്ന ജോ’യെക്കുറിച്ചുള്ള പരിഹാസങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിം​ഗ് ആണ്. കാബൂള്‍ വിമാനത്താവളത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അഫ്​ഗാനിസ്ഥാനില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടിനെ പലരും ചോദ്യം ചെയ്യുന്നതിനിടെ, ശത്രുതയില്ലെന്ന് ബെന്നറ്റ് വ്യക്തമാക്കി. എങ്കിലും ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ചയില്‍നിന്നുള്ള ഭാ​ഗം ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൂടിക്കാഴ്ച ഓ​ഗസ്റ്റ് 27ന്

ഓ​ഗസ്റ്റ് 27ന് ആയിരുന്നു ഇരവരും തമ്മില്‍ കണ്ടത്. പിന്നാലെ ചര്‍ച്ച നടത്തുന്ന വീഡിയോ അടുത്ത ദിവസം വൈറലായി. യുഎസുമായി രൂപപ്പെട്ട പുതിയ ബന്ധത്തെക്കുറിച്ച്‌ ബെന്നറ്റ് പറയുമ്ബോള്‍ അടുത്തുള്ള കസേരയില്‍ ബൈഡന്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ‘രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു അധ്യായവും സുന്ദരമായ കഥയും കൂടാതെ, നല്ലത് ചെയ്യണമെന്നും ശക്തമായിരിക്കണമെന്നും ആ​ഗ്രഹിക്കുന്ന രണ്ടു രാജ്യങ്ങളാണ് യുഎസും ഇസ്രയേലും ‘-ബെന്നറ്റ് പറയുന്നു. ബെന്നറ്റ് സംസാരിക്കുമ്ബോള്‍ താഴേക്ക് നോക്കിയിരിക്കുന്ന ബൈഡനിലേക്കാണ് പലരുടെയും ശ്രദ്ധയെത്തിയത്. ഔദ്യോ​ഗിക ചര്‍ച്ചയ്ക്കിടെ യുഎസ് പ്രസഡിന്റ് ജോ ബൈഡന്‍ ഉറങ്ങുകയായിരിക്കാം എന്ന് ഇത് പലരെയും ചിന്തിപ്പിച്ചു.

ബൈഡന്‍ ഉറക്കത്തിലേക്ക് വീണോ?

എന്നാല്‍ ബൈഡന്‍ ഉറങ്ങിയിട്ടില്ല. എല്ലാവരുടെയും ശ്രദ്ധ ജോ ബൈഡന്റെ കണ്ണുകളിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ നിരന്തരം ചലിക്കുന്നത് പലരും കണ്ടില്ല. വീഡിയോ സസൂക്ഷ്മം കണ്ടാല്‍ ബൈഡന്റെ തള്ളവിരല്‍ ദൃശ്യങ്ങളിലുടനീളം ചലിക്കുന്നത് കാണാം. മിക്കവാറും ബെന്നറ്റിന് പറയാനുണ്ടായിരുന്നത് യുഎസ് പ്രസിഡന്റ് ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നിരിക്കാം. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിധം അദ്ദേഹം ഉറങ്ങുകയായിരിക്കാമെന്ന് പലരെയും ചിന്തിപ്പിച്ചു.

അതേസമയം, ഈ വീഡിയോ മാറ്റിനിര്‍ത്തിയാല്‍ ബൈഡനും ബെന്നറ്റും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരിക്കുമെന്ന് ബൈഡന്‍ പ്രതികരിച്ചു. ഉറങ്ങുകയല്ലായിരുന്നുവെങ്കിലും ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലെത്താന്‍ അധികസമയമെടുത്തില്ല.