വെസ്റ്റ്ചെസ്റ്റർ ∙ കോവിഡ് വാക്സീൻ സ്വീകരിച്ച് വെസ്റ്റ്ചെസ്റ്റർ മെഡിക്കൽ സെന്ററിലെ മലയാളി ഡോക്ടർ ദീപക് ചാണ്ടിയും. ന്യൂയോർക്കിൽ വാക്സീനേഷന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് ഡോ. ദീപക് വാക്സീൻ സ്വീകരിച്ചത്. ഹുഡ്സൺ വാലിയിലെ ആരോഗ്യ പ്രവർത്തകരും നോർത്ത്‍വെൽ ഹെൽത്ത് സിസ്റ്റത്തിലെയും സെന്റ് ജോൺസ് റിവർസൈഡ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും വാക്സീൻ സ്വീകരിച്ചു.

വളരെ മഹത്തായ കാര്യമെന്നാണ് വാക്സീൻ സ്വീകരിച്ച് ഒരു മണിക്കൂറിനു ശേഷം ദീപക് ചാണ്ടി പ്രതികരിച്ചത്. ‘കോവിഡ് വാക്സീൻ സ്വീകരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു. ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല. മഹത്തരമായി തോന്നുന്നു’– അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ താണ്ഡവ സമയത്ത് ഐസിയുവിലും മറ്റുമായി ദീപക് കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

‘ഇവിടെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നത് എന്നെ സ്‌തബ്‌ധനാക്കുന്നു. കോവിഡ് 19 എന്ന മഹാമാരിയുമായി ആദ്യ രോഗി എത്തി ഒൻപത് മാസത്തിനുള്ളിൽ വാക്സീൻ സ്വീകരിക്കാൻ ഇവിടെയെത്തി. ഇത് അദ്ഭുതകരമായൊരു നേട്ടമാണ്’ ഡോ.ദീപക് വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലും ഐസിയുവിലും സേവനം ചെയ്യുന്ന തന്റെ സഹപ്രവർത്തകരാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്. ബാക്കിയുള്ളവർ സിഡിസിയുടെ നിയമങ്ങൾക്ക് അനുസരിച്ച് വാക്സീൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് ജോൺസ് റിവർസൈഡ് ഹോസ്പിറ്റലിലെ 40 ജീവനക്കാർ ആണ് ചൊവ്വാഴ്ച വാക്സീൻ സ്വീകരിച്ചത്. നോർത്ത്‍വെൽ ഹെൽത്ത് സിസ്റ്റത്തിലെ 50 പേരും. നോർത്ത്‍വെല്ലിലെ ആകെയുള്ള 70,000 ജീവനക്കാരിൽ 50,000ൽ അധികം പേരും ജനുവരി അവസാനത്തോടെ വാക്സീൻ സ്വീകരിക്കുമെന്നാണ് കരുതുന്നത്.