ലോകം കാത്തിരുന്ന യുഎഫ്‌ഒ(പറക്കും തളിക) റിപ്പോര്‍ട്ട് പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. പറക്കുംതളിക പ്രതിഭാസം സ്ഥീരികരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇവയുടെ ഭൗമേതര/അന്യഗ്രഹ ബന്ധം പെന്റഗണ്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇവ എങ്ങനെ ഉല്‍ഭവിച്ചുവെന്നോ അവയുടെ വരവിന്റെ ഉദ്ദേശ്യം എന്തെന്നോ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പറക്കും തളികകളുമായി ബന്ധപ്പെട്ട 144 സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും യുഎസ് സൈന്യത്തിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടവയാണ്. 144 സംഭവങ്ങളില്‍ ഒന്നില്‍ മാത്രമാണ് കണ്ടെത്തിയ വസ്തു ഒരു കാലാവസ്ഥ ബലൂണ്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. മറ്റു 143 യുഎഫ്‌ഓകളും എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒമ്ബതു പേജ് വരുന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിനും പൊതുസമൂഹത്തിനുമായി പെന്റഗണ്‍ നല്‍കിയത്. യുഎസ് നേവി പൈലറ്റുമാരുടെയും റഡാറുകളുടെയും കണ്ണില്‍ പെട്ട പ്രതിഭാസങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. 2004 ലെ നിമിറ്റ്‌സ് വിമാനവാഹിനിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ മാത്രമെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇതിനു മുമ്ബ് ഉണ്ടായ സംഭവങ്ങളെ കുറിച്ച് പെന്റഗണ്‍ മൗനം പാലിക്കുകയാണെന്ന് യുഎഫ്‌ഒ നിരീക്ഷകര്‍ പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ അമേരിക്കയിലുണ്ടായ യുഎഫ്‌ഒ കാഴ്ച്ചകളെ കുറിച്ച് ആദ്യമായാണ് പെന്റഗണ്‍ ( അമേരിക്കന്‍ പ്രതിരോധവകുപ്പ്) ഇത്തരത്തില്‍ പരസ്യമായ ഒരുസ്ഥിരീകരണം നല്‍കുന്നത്.
അണ്‍ ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന അഥവാ യുഎപി എന്നാണ് പെന്റഗണ്‍ പറക്കുംതളികാ പ്രതിഭാസത്തെ അഭിസംബോധന ചെയ്യുന്നത്. യുഎപി അമേരിക്കന്‍ ദേശസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാം എന്നു നിര്‍ണായക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തന്നെ വിമാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് യുഎപി ഭീഷണിയാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വ്യക്തമായ ഒരു വിശദീകരണം ഈ പ്രതിഭാസങ്ങള്‍ക്ക് നല്‍കാനും കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് നിസഹായത വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഇവ കൃത്യമായും പറക്കുന്ന ഭൗതികവസ്തുക്കള്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട് ഉറപ്പിക്കുന്നുണ്ട്. നേവി പൈലറ്റുമാരും റഡാര്‍ ഡേറ്റയും അതു ഉറപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ ഭൗമേതരമായ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായി റിപ്പോര്‍ട്ട് പറയുന്നില്ലെങ്കിലും പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ആ സാധ്യതയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസാധരണമായ പാറ്റേണുകളും സ്വഭാവവിശേഷങ്ങളുമാണ് ഇവ ആകാശത്ത് പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പലപ്രാവശ്യം ഈ വസ്തുക്കളുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് നേവി യുദ്ധവിമാനങ്ങള്‍ കഷ്ടിച്ച് രക്ഷപെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ നിര്‍ണായകമായ പുതിയവെളിപ്പെടുത്തലുകള്‍ ഒന്നും ഉള്‍പ്പെടുത്താതെയാണ് പെന്റഗണ്‍ യുഎഫ്‌ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
യുഎഫ്‌ഒ റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്ക; ഭൗമേതര ബന്ധം തള്ളിക്കളയാതെ പെന്റഗണ്‍



