കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കുവൈത്ത്. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവര്‍ഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും.
പ്രത്യേക മന്ത്രിസഭായോഗമാണ് ഈ മാസം 22 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കുവൈത്ത് അംഗീകൃത വാക്സീന് സ്വീകരിച്ച താമസവീസക്കാര്‍ക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസര്‍, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉള്‍പ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീന് സ്വീകരിച്ചവര്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീന് സ്വീകരിച്ചിരിക്കണം.
ഇന്ത്യക്ക് പുറമേ പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ മന്ത്രിസഭയോഗം അനുമതി നല്‍കിയിട്ടുണ്ട്.



