മണ്ഡലത്തിലെ ഓരോ മണല്ത്തരിയെയും പരിചയമുണ്ടായിരുന്നു കെ.എം. മാണിക്ക്. വോട്ട് ചോദിച്ചെത്തുമ്പോള്‍ പേരെടുത്ത് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള 10 പേരെങ്കിലും ഓരോ പോയന്റിലും ഉണ്ടാകുമായിരുന്നു. ജോസ് കെ. മാണി നിയമസഭയിലേക്ക് വോട്ട് ചോദിച്ചെത്തുമ്പോള്‍ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്ക് പറയാന്‍ കെ.എം. മാണിയെക്കുറിച്ച ഇത്തരം നിരവധി ഓര്‍മകളുണ്ട്.
ആദ്യമായല്ല പാലായിലൂടെ വോട്ടുചോദിച്ച് ജോമോന് വരുന്നത്. ഇതിനുമുമ്പ് ഓരോ തെരഞ്ഞെടുപ്പിന് വരുേമ്പ്ഴും കെ.എം. മാണിയുടെ സംരക്ഷണം ജോസിനുണ്ടാകുമായിരുന്നു. ഹെഡ്മാസ്റ്ററുടെ മകനോട് സഹപാഠികള്ക്കുണ്ടാകുന്ന പോലൊരു ബഹുമാനം പാലായിലുള്ളവര്ക്ക് ജോസിനോട് തോന്നാറുമുണ്ടായിരുന്നു. ഇക്കുറി ഇതെല്ലാം അടിമുടി മാറിക്കഴിഞ്ഞു. മറ്റ് ഏതൊരു സ്ഥാനാര്ഥിെയയുംപോലെ വിയര്‍ത്തുകുളിച്ച് വോട്ടുതേടുകയാണ് ജോസ് കെ. മാണിയും. പാര്‍ട്ടിയിലെ തഴക്കവും പഴക്കവും വന്ന നേതാക്കളടക്കം ഒരുവിഭാഗവും പഴയ മുന്നണിയിലെ സഹപ്രവര്‍ത്തകരും ഇപ്പോള്‍ എതിര്‍പക്ഷത്താണ്. ഒന്നര വര്‍ഷം മുമ്ബുവരെ പലതരം അധിക്ഷേപങ്ങള്‍ നടത്തിയിരുന്ന ഇടതുപക്ഷം ഇക്കുറി കൂടെയാണ്.
മണ്ഡലത്തിെന്റ മുക്കിലും മൂലയിലുമല്ല, ഓരോ വീട്ടിലും സാധിക്കുമെങ്കില്‍ ഓരോ വോട്ടറുടെ അടുത്തും നേരിട്ടെത്തി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി വോട്ട് തേടേണ്ട സ്ഥിതിയിലാണ് മാണിയുടെ മകന്. ദിവസം രണ്ട് പഞ്ചായത്ത് എന്ന നിലയിലാണ് പര്യടനം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെ മുത്തോലി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കുഴിയില്നിന്നാണ് തുറന്ന വാഹനത്തിലെ പ്രചാരണയാത്ര ആരംഭിച്ചത്. കഴിയുന്നത്ര ജനപങ്കാളിത്തം ഉറപ്പിക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുണ്ട്. നൂറിലേറെ ഇരുചക്ര വാഹനങ്ങളിലായി ചെറുപ്പക്കാര്‍ തയാറായി നില്പുണ്ട്.
തെക്കേ മുത്തോലി, മുത്തോലിക്കടവ്, പാറെ സ്കൂള്‍, പന്തത്തല, മീനച്ചില്‍ പള്ളി, കുമ്ബനി, കൂറ്റില്ലം, െതങ്ങിന്തോട്ടം വഴി ഇടയാറ്റുകരയിലെത്തിയപ്പോള് നേരേത്ത നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി 11.25ആയി സമയം. ഇതുവരെ നല്കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് പ്രസംഗം തുടങ്ങുന്നു. തുടര്‍ഭരണത്തിന് പാലായുടെ പങ്ക് നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡാണെങ്കിലും രണ്ട് ഓട്ടോക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന വീതിയുള്ള ഉള്‍ഗ്രാമങ്ങളിലെ വഴികളിലൂടെ സാവധാനമാണ് വാഹനവ്യൂഹം നീങ്ങുന്നത്. ഒരു കി.മീ. അപ്പുറം കടപ്പാട്ടൂര്‍ അമ്ബലത്തിന് മുന്നിലെത്താന്‍ പിന്നെയും അരമണിക്കൂര്‍ എടുത്തു. ഒന്ന് നീട്ടിവിളിച്ചാല്‍ സ്വന്തം വീട്ടില്‍ കേള്‍ക്കാവുന്നത്ര അടുത്താണ് ഇവിടം. പഴങ്ങളും പൂക്കളും നിറച്ച താലവുമായി വീട്ടമ്മമാരും കുട്ടികളും കാത്തുനില്ക്കുന്നു. സി.പി.എം മുത്തോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിെല സ്വീകരണമാണ്.
ഇടതുമുന്നണിയുടെ അനിഷേധ്യനായ പടത്തലവന് എന്ന അനൗണ്‍സ്െമന്റ് വീണ്ടും വീണ്ടും ഉയര്‍ന്നു.
കടപ്പാട്ടൂര്‍ പാലവും ബൈപാസുമൊക്കെ ചൂണ്ടിക്കാട്ടി കെ.എം. മാണി ബാക്കിെവച്ച സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ഒപ്പമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. നെല്ലിയാനി, ശ്രീകുരുമ്ബക്കാവ്, രാജീവ് ഗാന്ധി ഹൗസിങ് ഏരിയ, എട്ടങ്ങാടി, പാളയം, പടിഞ്ഞാറ്റിന്‍കര റേഷന്‍ കട ജങ്ഷന്, ഗായത്രി സ്കൂള്‍, ചകിണികുന്ന്, ആണ്ടൂര്‍ കവല എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം മുത്താലി പഞ്ചായത്തിലെ പര്യടനം അവസാനിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കരൂര്‍ പഞ്ചായത്തില്‍ പര്യടനം തുടങ്ങി.
പൈങ്ങുളത്തുനിന്നായിരുന്നു തുടക്കം. നരിതൂക്കുംപാറ, താമരക്കുളം, ചെറുകര, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, വേരനാല്‍, പുന്നത്താനം, കുടക്കച്ചിറ കുരിശുപള്ളി, പാറമട, വലവൂര്‍ ടൗണ്‍, വെള്ളപ്പുര, നെടുമ്ബാറ, പയപ്പാര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയ പ്രചാരണം രാത്രി ഏറെ വൈകി അന്തിനാട് ക്ഷേത്രത്തിനുസമീപം സമാപിച്ചു.



