കാഞ്ഞങ്ങാട്: സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക്, പിടികൊടുക്കാതെ യുവാവ് ട്രാൻസ്ഫോർമറിൽ വലിഞ്ഞുകയറി. തുടർന്ന് വൈദ്യുതക്കമ്പിയിലുടെ ഞാണിന്മേൽ കളി. ഒരുമണിക്കൂറോളം ശ്രമിച്ചാണ് പോലീസും അഗ്നിരക്ഷാസേനയും ഇയാളെ താഴെയിറക്കിയത്.

ബിഹാർ സ്വദേശിയായ 24-കാരനാണ് കാഞ്ഞങ്ങാട് കല്യാൺ റോഡ് പൈരടുക്കത്തെ ട്രാൻസ്ഫോർമറിൽ കയറിയത്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചന്തേരയിലെ വീട്ടിൽ കയറിയ യുവാവിനെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ചന്തേര പോലീസ് അമ്പലത്തറ സ്നേഹാലയത്തിലാക്കി. ശനിയാഴ്ച രാവിലെ പ്രാതൽ കഴിച്ച് കൈകഴുകുന്നതിനിടെ സ്നേഹാലയത്തിന്റെ മതിൽ ചാടിക്കടന്ന് പുറത്തേക്കോടി. സ്നേഹാലയം പ്രവർത്തകർ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. യുവാവിനെ കാണാനില്ലെന്നു പറഞ്ഞ് ഫോട്ടോസഹിതം വാട്സാപ്പിലും മറ്റും ഈ വിവരം പ്രചരിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൈരടുക്കത്തെ സംഭവം.

കല്യാൺ റോഡിൽ വെച്ചാണ് സ്ത്രീയുടെ കഴുത്തിൽനിന്ന് മാലപൊട്ടിക്കാൻ ശ്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ ആളുകളെ കല്ലും കുപ്പിയുമൊക്കെയെടുത്ത് എറിഞ്ഞശേഷം ദേശീയപാത മുറിച്ചുകടന്ന് ഓടി. ആളുകൾ പിറകെ വരുന്നതുകണ്ട് ഇയാൾ പൈരടുക്കത്തെ ട്രാൻസ്ഫോർമറിൽ കയറി.

നാട്ടുകാർ കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് വൈദ്യുതബന്ധം വിച്ഛേദിച്ചു. ഇതിനിടെ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതക്കമ്പിയിലേക്ക് മാറി അതിൽ പിടിച്ച് നടക്കാൻ തുടങ്ങി. ആടിയും ഉലഞ്ഞും അങ്ങോട്ടുമിങ്ങോട്ടും നടന്നു. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. വൈദ്യപരിശോധനയ്ക്കുശേഷം വീണ്ടും സ്നേഹാലയത്തിലാക്കി.