ബെംഗളൂരു: മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട പത്തുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തിയശേഷം 55 കാരനായ അയല്‍വാസി ജീവനൊടുക്കി.

ബെംഗളുരുവിലെ ജിന്‍ഡാല്‍ സ്റ്റീല്‍ ഫാക്ടറിയിലെ ജീവനക്കാനായ ഹരിയാന സ്വദേശി നന്ദകിഷോറാണ് സഹപ്രവര്‍ത്തകന്റെ മകളെ കൊലപ്പെടുത്തിയത്. മദനായകനഹള്ളിക്കു സമീപമുള്ള ഫാക്ടറിയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം നന്ദകിഷോര്‍ ക്വാര്‍ട്ടേഴ്‌സിന്റെ താഴത്തെ നിലയിലും പെണ്‍കുട്ടിയുടെ കുടുംബം മുകളിലത്തെ നിലയിലുമായിരുന്നു താമസം. ഒരുമാസംമുമ്പ് കോണിപ്പടിയില്‍വച്ച് പെണ്‍കുട്ടിയെ നന്ദകുമാര്‍ തടഞ്ഞതായി പോലീസ് പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി പെണ്‍കുട്ടിയുടെ പിതാവും നന്ദകിഷോറും തമ്മില്‍ വഴക്കുണ്ടായി. കമ്പനി മാനേജ്‌മെന്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുപോകാന്‍ കമ്പനി നന്ദകിഷോറിനോട് ആവശ്യപ്പെട്ടിരുന്നു.

മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെട്ടതിലുള്ള വൈരാഗ്യമാണ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ കാരണം. തുടര്‍ന്ന് ഇയാള്‍ സ്വയം കുത്തി മരിക്കുകയായിരുന്നു.