കൊച്ചി: മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്. സമാന്തര ഭരണം അടിച്ചേല്‍പിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ലെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇവിടെ ഗവര്‍ണറും മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സര്‍ക്കാരിന്റെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ്ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവയ്പുമെന്നും ലേഖനത്തില്‍ പറയുന്നു.

പൗരത്വ പ്രക്ഷോഭ (സിഎഎ) നിലപാട്, നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള എതിര്‍പ്പ്, കര്‍ഷകപ്രമേയം നിയമസഭയില്‍ വരുന്നതിനെ തടയാന്‍ നടത്തിയ നീക്കം, ചാന്‍സലര്‍ പദവി ഉപേക്ഷിക്കുമെന്ന പ്രസ്താവന, കണ്ണൂര്‍ വിസി പുനര്‍നിയമനത്തിലെ അനാവശ്യ വിവാദം, രാഷ്ട്രപതിക്ക് കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കണമെന്ന സ്വകാര്യ ശുപാര്‍ശ നിരാകരിച്ചു എന്നാരോപിച്ചുള്ള പ്രതിഷേധം എന്നിങ്ങനെ ഗവര്‍ണര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതിലെല്ലാം നിറഞ്ഞിരിക്കുന്നത് സംഘപരിവാര്‍ അജന്‍ഡയാണ്.

ഗവര്‍ണര്‍ പദവിയെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണെന്നും കോടിയേരി പറഞ്ഞു.