സൈബർ ഇടങ്ങളിൽ ചർച്ചയായ മുന്‍ മന്ത്രി കെ.കെ.ശൈലജയുടെ ‘ആത്മഗത’ത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്ത്. നിയമസഭയിൽ വച്ച് ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.ടി.ജലീലിനെ ഉദ്ദേശിച്ച് ശൈലജ നടത്തിയ പരാമർശത്തിലാണ് ഷാഫിയുടെ പരിഹാസം. ‘മൈക്കിൽ കൂടി വിളിച്ചു പറയാതെ ‘ആത്മഗതം’ പറ്റുമോ? വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും’ എന്നാണ് ‘മീശമാധവൻ’ എന്ന സിനിമയിലെ പ്രശസ്തമായ രംഗത്തെ ഓർമിപ്പിച്ച് പരിഹാസപൂർവം ഷാഫി കുറിച്ചത്. ഈ സിനിമാരംഗത്തു നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
നിയമസഭയില്‍ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെയാണ് കൗതുകമുണര്‍ത്തി കെ.കെ.ശൈലജ നടത്തിയ ആത്മഗതം അൽപം ഉച്ചത്തിലായിപ്പോയത്. പ്രസംഗത്തിനിടെ കെ.ടി.ജലീലിന് സംസാരിക്കാൻ അവസരം നൽകുന്നതിനായി ഇരിക്കുമ്പോഴാണ് ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് ശൈലജ ശബ്ദം താഴ്ത്തി പറഞ്ഞത്. ആത്മഗതമായിട്ടാണ് ഇതു പറഞ്ഞതെങ്കിലും, മൈക്ക് ശബ്ദം പിടിച്ചെടുത്തതോടെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.



