പാലക്കാട് : വിദ്യാഭ്യാസ വകുപ്പിന് ഗുരുതര വീഴ്ച. പാലക്കാട് മൂല്യനിര്‍ണയത്തിന് എത്തേണ്ടിയിരുന്ന പ്ലസ് ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ കാണ്‍മാനില്ല. കൊല്ലം ജില്ലയിലെ ഒരു സ്കൂളില്‍ നിന്നുള്ള +2 കണക്ക് പരീക്ഷ എഴുതിയ 61 വിദ്യാത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായിരിക്കുന്നത്. നാളെ മൂല്യനിര്‍ണയം അവസാനിക്കാനിരിക്കെ ഇതുവരെയും ഉത്തരക്കടലാസുകള്‍ കണ്ടെത്താനായിട്ടില്ല.

പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ക്യാമ്ബില്‍ എത്തേണ്ട ഉത്തരകടലാസുകള്‍ അഡ്രസ്സ് മാറി എറണാകുളത്ത് എത്തിയിരുന്നു. അവിടെ അധ്യാപകര്‍ പൊട്ടിച്ചപ്പോള്‍ ആണ് പാലക്കാട്ടെ ക്യാമ്ബിലേക്കുള്ള പേപ്പര്‍ ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതാം തീയതി പോസ്റ്റല്‍ വഴി പാലക്കാട്ടേക്ക് ഉത്തരക്കടലാസുകള്‍ അയച്ചെങ്കിലും ഇതുവരെയും എത്തിയിട്ടില്ല. വിവരം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വകുപ്പും, പോസ്റ്റല്‍ വകുപ്പും അന്വേഷണം ആരംഭിച്ചെങ്കിലും ഉത്തരക്കടലാസുകള്‍ കണ്ടെത്താനായിട്ടില്ല.