കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യക്കാർ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്തത് അമേരിക്കയാണ്.
2021-ൽ മാത്രം 1.63 ലക്ഷം ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ പറയുന്നു. 2021-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച 1.63 ലക്ഷം പേരിൽ 78000 പേരും തിരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്.

2019-ൽ 1.44 ലക്ഷം പേരും 2020ൽ 85256 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയത് 1.7 ലക്ഷം ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിഎസ്പി എംപി ഹസി ഫസ്ലുറഹ്മാൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങൾ നൽകിയത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്രയും ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതെന്നും നിത്യാനന്ദ് റായ് പറയുന്നു.
കാനഡ, ഓസ്ട്രേലിയ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് യുഎസ് കഴിഞ്ഞാൽ കൂടുതൽ ഇന്ത്യക്കാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരഞ്ഞെടുത്തിട്ടുള്ളത്.
2021-ൽ സിംഗപ്പൂരിൽ പൗരത്വം എടുക്കുന്നതിനായി 7046 പേരും സ്വീഡനിൽ പൗരത്വം എടുക്കുന്നതിനായി 3754 പേരും ബഹ്റൈനിൽ പൗരത്വം എടുക്കുന്നതിനായി 170 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. അംഗോളയിലേക്ക് രണ്ടും ഇറാനിലേക്ക് 21 ഉം ഇറാഖിലേക്ക് ഒരാളും പൗരത്വം ഉപേക്ഷിച്ച് പോയിട്ടുണ്ട്. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലേക്കും ഒരാൾ 2021-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോയിട്ടുണ്ട്.
1400 പേർ ചൈനീസ് പൗരത്വം 2021-ൽ സ്വീകരിച്ചപ്പോൾ 48 പേർ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.



