ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷന്. നിലവിലെ ജലനിരപ്പ് 130 അടിയാണെന്നും അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം തെറ്റാണെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര ജല കമ്മീഷനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.
കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി കോടതി മാറ്റിവച്ചു. മണ്‍സൂണ്‍ ശക്തമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ റസല്‍ ജോയി നല്കിയ അപേക്ഷയിലാണ് കേന്ദ്ര ജല കമ്മീഷന് നിലപാട് അറിയിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ കാലയളവില്‍ ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് കോടതി നാലാഴ്ചത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.



