മുംബൈ: മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനാറുകാരനെ തല്ലിക്കൊന്നു. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. മുറിക്കുള്ളില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാണ് മറ്റുകുട്ടികള്‍ പതിനാറുകാരനെ മര്‍ദിച്ചത്. ഹാസ്‌വാന്‍ രാജ്കുമാര്‍ നിഷാദ് എന്ന പതിനാറുകാരനാണ് കൊല്ലപ്പെട്ടത്.
പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികള്‍ ചേര്‍ന്നാണ് ഹാസ്‌വാനെ മര്‍ദിച്ചത്. പ്രതികളായ കുട്ടികളെ കറക്ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നിലയില്‍ കണ്ടെത്തിയ രാജ്കുമാര്‍ നിഷാദിനെ ഈ മാസം ആറിനാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. മാനസിക വിഭ്രാന്തിയുള്ള കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പ്രതികളായ നാലുകുട്ടികളും രാജ്കുമാര്‍ നിഷാദിനൊപ്പം ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം മുറിയില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതരായാണ് മറ്റുകുട്ടികള്‍ രാജ്കുമാര്‍ നിഷാദിനെ ആക്രമിച്ചത്. അബോധാവസ്ഥയിലായ രാജ്കുമാര്‍ നിഷാദിനെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



