ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പ്രണബ് മുഖര്‍ജിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. പ്രണബ് മുഖര്‍ജി കൊവിഡ് പോസിറ്റീവ് ആയിരുന്നതിനാല്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. പ്രത്യേക പെട്ടിയിലാണ് പ്രണബ് മുഖര്‍ജിയുടെ ശരീരം സൂക്ഷിച്ചിരുന്നത്.

ഉച്ചയോടെ ലോധി റോഡിലെ വൈദ്യുത ശ്മശാനത്തിലാണ് ശവസംസ്‌ക്കാര ചടങ്ങുകള്‍. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് കര്‍മ്മങ്ങള്‍ ചെയ്തത്. പ്രണബ് മുഖര്‍ജിയുടെ കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും അടക്കമുളളവര്‍ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. സൈന്യം മുന്‍ രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണറും ഗണ്‍ സല്യൂട്ടും നല്‍കി ആദരവ് അര്‍പ്പിച്ചു.

രാജാജി നഗറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒന്‍പതരയോടെയാണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം എത്തിച്ചത്. കൊവിഡ് ബാധിതന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആയിരുന്നു അന്തിമോപചാരം അര്‍പ്പിക്കാനുളള സൗകര്യം ഒരുക്കിയിരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ കേന്ദ്ര മന്ത്രിസഭ രണ്ട് മിനുറ്റ് മൗനം ആചരിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടാണ് ദില്ലിയിലെ ആര്‍മീസ് റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ വെച്ച്‌ പ്രണബ് മുഖര്‍ജി അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധ ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത്. തുടര്‍ന്ന് അദ്ദേഹം കോമയില്‍ ആയിരുന്നു.

ഓഗസ്റ്റ് പത്താം തിയ്യതി ആണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹം അബോധാവസ്ഥയിലായതും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും. 84കാരനായ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതി ആയിരുന്നു.